Thursday, October 17, 2019

GHTSS Murikkattukudy




I am now working in GTHSS Murikkattukudy, as Principal, from June 2019.

Wednesday, May 14, 2014

ASAP training

ASAP SDE Training started

Wednesday, August 14, 2013

ഫേസ്ബുക്കിന്‍റെ സ്വകാര്യത ഇനിയും ലളിതമാകും!

അമേരിക്കന്‍ ഭരണഘടനയേക്കാ‍ള്‍ നീളം കൂടിയതാണ് ഫേസ്ബുക്കിന്‍റെ സ്വകാര്യതാ നയം എന്ന ആരോപണം നേരത്തേയുള്ളതാണ്. നെറ്റ്‌വര്‍ക്കില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ സൈറ്റിന്‍റെ സ്വകാര്യതാനയം ഒന്നു പരിശോധിച്ചുകളയാം എന്ന് വിചാരിച്ച് കയറിച്ചെന്നാല്‍ കുടുങ്ങിപ്പോകുമെന്ന് ഉറപ്പാണ്. അമേരിക്കന്‍ ഭരണഘടനയിലെയും സൈബര്‍ നിയമങ്ങളിലെയും കടുകട്ടിയാ‍യ 5830 നിയമസാങ്കേതിക പദങ്ങള്‍ തിരിച്ചറിയാന്‍ ‘ഗൂഗിള്‍’ ചെയ്ത് മാനം കെടും അല്ലെങ്കില്‍ വക്കീലിന്‍റെ സഹായം തേടേണ്ടി വരും.

ഗൂഗ്ലിയും വക്കീലന്മാരുടെ സഹായത്തോടെയും ഫേസ്ബുക്കിന്റെ സ്വകാര്യതാനയം വായിച്ച് പഠിച്ചിട്ടു വല്ല കാര്യവുമുണ്ടോ എന്നതാണ് അടുത്ത ചോദ്യം. സ്വകാര്യതാനയത്തിന്റെ കടുകട്ടിയും ദൈര്‍ഘ്യമൊന്നും സൈറ്റിന്‍റെ പെരുമാറ്റത്തില്‍ കാണില്ല എന്നതാണ് സത്യം. സൈറ്റില്‍ പങ്കാളിയാകുന്നവരുടെ സ്വകാര്യവിവരങ്ങള്‍ പരസ്യക്കമ്പനികള്‍ക്കും മറ്റും വിറ്റ് കാ‍ശാക്കുന്നതില്‍ ഏറ്റവും മുമ്പിലാണ് ഫേസ്ബുക്ക്. ഇക്കാര്യത്തില്‍ അവര്‍ പണ്ടേ വലിയ ‘ലാളിത്യം’ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഏതായാലും നാട്ടുകാരുടെ ഒരു പരാതിക്ക് ഫേസ്ബുക്ക് ചെവി കൊടുക്കുകയാണ്. ഫേസ്ബുക്ക് ഉപഭോക്താക്കളെ നിയമപണ്ഡിതരാക്കുന്ന സ്വകാര്യതാ നയം പൊളിച്ചെഴുതാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇനി മുതല്‍ ഫേസ്ബുക്ക് എന്താണെന്ന് തിരിയാന്‍ വക്കീലന്മാര്‍ക്ക് കത്തെഴുതേണ്ട കാര്യമില്ലെന്ന് അധികാരികള്‍ പറയുന്നു. പറയുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ലളിതമായി പറയും എന്ന് മാത്രമേ ഇതുകൊണ്ട് അര്‍ഥമാക്കുന്നുള്ളൂ. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വളരെ ഗുപ്തമായി സൂക്ഷിക്കപ്പെടും എന്നൊന്നും ഇതിനര്‍ഥമില്ല.

ഫേസ്ബുക്കിന്‍റെ സ്ഥാപകനും നിലവിലെ സി ഇ ഓയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് എല്ലാത്തരം സ്വകാര്യതകളെയും എതിര്‍ക്കുന്നയാളാണ്. ആഗോളീകരിക്കപ്പെട്ട സാമൂഹിക സാഹചര്യങ്ങളും ഉദാരീകരിക്കപ്പെട്ട കമ്പോളസാഹചര്യങ്ങളും സ്വകാര്യത എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിനെ അംഗീകരിക്കുന്നില്ലെന്ന് അങ്ങോര്‍ പറയും. കൂടാതെ സൂക്കര്‍ബര്‍ഗ്ഗിനെക്കുറിച്ച് അത്ര സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഫേസ്ബുക്കില്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇമെയില്‍ പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കുന്ന സ്വഭാവമുണ്ട് മൂപ്പര്‍ക്ക്. പിന്നീട് മെയിലില്‍ കയറി... ഛെ! ഛെ!! അതുകൊണ്ട് സ്വകാര്യത സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും നയമുണ്ടെങ്കില്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തുന്നതാണ് നല്ലത്!

Wednesday, August 29, 2012

ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ശാസ്ത്രജ്ഞര്‍

ലോകത്തിലെ ഏറ്റവും ചെറുതെന്ന് അവകാശപ്പെടാവുന്ന കമ്പ്യൂട്ടറുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു മനുഷ്യന്റെ കണ്മിഴിക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാവുന്ന വലിപ്പം മാത്രമാണ് ഇതിനുള്ളത്. ഒരു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള കുഞ്ഞു കമ്പ്യൂട്ടര് ചതുരാകൃതിയിലുള്ളതാണ്. ഇതു കണ്ണില്‍ ഫിറ്റു ചെയ്ത് ഗ്ലൂക്കോമക്ക് ചികിത്സിക്കാനാവുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മിഷിഗന്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ കുഞ്ഞന്‍ പ്രഷര്‍ മോണിറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.നേത്രങ്ങളെ ബാധിക്കുന്ന ഗ്ലോക്കോമ എന്ന അസുഖം ചികിത്സിച്ച് മാറ്റാനാവും ഇത് പ്രധാനമായും ഉപയോഗിക്കുക. അള്‍ട്രാ ലോ പ്രഷര്‍ മൈക്രോപ്രൊസസ്സര്‍, പ്രഷര്‍ സെന്‍സര്‍, മെമ്മറി, ബാറ്ററി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കമ്പ്യൂട്ടര്‍ സംവിധാനം. വിവരങ്ങള്‍ കൈമാറുന്നതിനായി ആന്റിന ഉള്‍പ്പെടുന്ന വയര്‍ലസ് റേഡിയോയും സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെല്ലും ഇതിന്റെ ഭാഗമായുണ്ട്.

എന്നാല്‍ ഈ റേഡിയോ ട്യൂണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ല. ഇതിലെ റേഡിയോയില്‍ ഫ്രീക്വന്‍സികള്‍ തെരഞ്ഞെടുക്കാന്‍ ട്യൂണ്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും വയര്‍ലെസ് കമ്പ്യൂട്ടറുകളുടെ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാനാകുമെന്നും ഇതിന്‍റെ നിര്‍മ്മാതാക്കളായ പ്രൊഫസര്‍മാരായ ഡെന്നീസ് സില്‍‌വസ്റ്റര്‍, ഡേവിഡ് ബ്ലാവ്, ഡേവിഡ് വെന്‍റ്സോള്‍ഫ് എന്നിവര്‍ പറഞ്ഞു.

ഇതുപയോഗിച്ച് ഡാറ്റ മറ്റൊരു ഉപകരണത്തിലേക്ക് മാറ്റാനും കഴിയും. കമ്പ്യൂട്ടര്‍ വ്യവസായത്തിന്‍റെ ഭാവിയെത്തന്നെ ഇത് മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് വിപണിയില്‍ ലഭ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
കണ്ണില്‍ ഘടിപ്പിക്കാനാവുന്ന മോണിറ്ററില്‍ക്കൂടി ഗ്ലൂക്കോമ രോഗത്തിന്‍റെ പുരോഗതിയും അന്ധതയും കണ്ടുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി ചാര്‍ജു ചെയ്യണമെങ്കില്‍ അകത്തെ വെളിച്ചത്തില്‍ പത്തു മണിക്കൂറും സൂര്യപ്രകാശത്തില്‍ ഒന്നര മണിക്കൂറും വെച്ചാല്‍ മതിയാകും. 5.5 നാനോവാട്ട് ഊര്‍ജം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒരാഴ്ച്ചവരെയുള്ള വിവരങ്ങള്‍ ശേഖരിച്ചു വെക്കാനും ഇതിനാകും. ഇത്തരത്തിലുള്ള മെഷീനുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നും ഇവര്‍ പറഞ്ഞു.

മലിനീകരണം തടയാനും ഒരു വസ്തുവിന്റെ പ്രവര്‍ത്തന ശേഷി കൂട്ടനുള്ള പര്യവേഷണങ്ങള്‍ക്കുമൊക്കെയായി ഇവ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതിസൂക്ഷ്മമായ വസ്തുക്കളെക്കുറിച്ച് പഠിക്കാനും ഇതുപകരിക്കും. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ തന്നെ വന്‍ കുതിച്ചു ചാട്ടത്തിന് വഴിമരുന്നിടുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ ഇവ വിപണിയിലെത്താന്‍ വര്‍ഷങ്ങളെടുക്കും.

Tuesday, April 24, 2012

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ സിബ്ബ് അഴിച്ചു!

നിത്യജീവിതത്തില്‍ മറ്റൊന്നും ആലോചിക്കാതെ നമ്മള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ് സിബ്ബ് അഴിക്കലും സിബ്ബ് അടയ്ക്കലും. ബാഗാവട്ടെ, പാന്റ്സാകട്ടെ, ജെര്‍ക്കിനാവട്ടെ, സിബ്ബ് ഇല്ലെങ്കില്‍ നിലനില്‍‌പ്പില്ല എന്ന കാര്യം നമ്മളാരും സിബ്ബ് അഴിക്കുകയും ഇടുകയും ചെയ്യുമ്പോള്‍ ചിന്തിക്കാറില്ല എന്നതാണ് സത്യം. സ്വീഡിഷ് - അമേരിക്കന്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ഗിഡിയന്‍ സന്‍‌ഡ്‌ബാക്കാണ് ഈ സിബ്ബെന്ന സൂത്രം കണ്ടുപിടിച്ചത്. സന്‍‌ഡ്‌ബാക്കിന്റെ 132-മത്തെ ജന്മദിനത്തില്‍ തങ്ങളുടെ ലോഗോയെ സിബ്ബ് അഴിച്ചുകൊണ്ട് രണ്ടാക്കി ഗൂഗിള്‍ ഓര്‍മിച്ച സംഗതിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്.

സ്വീഡനിലാണ് സന്‍‌ഡ്‌ബാക്ക് ജനിച്ചത് (1880). കുടുംബം ജര്‍മനിയിലേക്ക് കുടിയേറിയതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം ജര്‍മനിയിലാണ് കക്ഷി പൂര്‍ത്തിയാക്കിയത്. പോളിടെക്നിക്ക് വിദ്യാഭ്യാസവുമായി അമേരിക്കയിലേക്ക് കുടിയേറിയ സന്‍ഡ്‌ബാക്കിന് യൂണിവേഴ്സല്‍ ഫാസ്റ്റനര്‍ കമ്പനിയില്‍ ജോലി കിട്ടി. 1914-ലാണ് സന്‍‌ഡ്‌ബാക്ക് സിബ്ബിന്റെ ആദിമരൂപമായ ‘ഹുക്ക്‌ലസ്’ വികസിപ്പിച്ചെടുത്തത്. 1917-ല്‍ ഇതിന് പേറ്റന്റ് ലഭിക്കുകയും ചെയ്തു. ‘സപ്പരബിള്‍ ഫാസ്റ്റ്‌നര്‍’ എന്ന പേരിലാണ് സിബ്ബിന്റെ ആദിമരൂപം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സന്‍‌ഡ്‌ബാക്കാണ് സിബ്ബ് കണ്ടുപിടിച്ചതെങ്കിലും സംഗതിക്ക് ‘സിബ്ബ്’ (സിപ്പര്‍) എന്ന് പേരിട്ടത്. ബി‌എഫ് ഗുഡ്‌റിച്ച് എന്ന ബൂട്ട് നിര്‍മ്മാതാവാണ്. ആദ്യകാലഘട്ടങ്ങളില്‍ ബൂട്ടിനും പുകയിലപ്പൊതികള്‍ക്കും മാത്രമാണ് സിബ്ബ് ഇട്ടുകൊടുത്തിരുന്നത്. പതിയെപ്പതിയെ ഫാഷന്‍ ഇന്‍‌ഡസ്ട്രിയെ സിബ്ബ് കീഴടക്കിയത് തുടര്‍ന്നുള്ള ചരിത്രം. രണ്ടാം ലോകമഹായുദ്ധ കാലം എത്തിയതോടെ സകല സാധനങ്ങള്‍ക്കും സിബ്ബ് ഇട്ടുകൊടുക്കാന്‍ തുടങ്ങി.

ബാഗും ജീന്‍‌സും എന്നുവേണ്ട സകലതിനും സിബ്ബ് ഇട്ടുകൊടുക്കാന്‍ ഉപകരിക്കുന്ന ഒരു മെഷീനും കണ്ടുപിടിച്ച സന്‍‌ഡ്ബാക്ക് എഴുപത്തിനാലാമത്തെ വയസില്‍ 1954-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു. സന്‍‌ഡ്‌ബാക്കിന്റെ ജന്മദിനമാണ് ഏപ്രില്‍ 24.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ അവരുടെ ഹോം‌പേജ് ചരിത്രപരമായ സംഭവങ്ങളെയും വ്യക്തികളെയും ഓര്‍മിക്കുന്നതിനായി ഏറെക്കാലമായി ഉപയോഗിച്ച് വരുന്നുണ്ട്. മഹാത്മാഗാന്ധിയും ചാര്‍ളി ചാപ്ലിനും അകിരോ കുറസോവയും ഇങ്ങനെ ഗൂഗിള്‍ ഡൂഡിലില്‍ ഓര്‍മിക്കപ്പെടുകയുണ്ടായി. ഗൂഗിളില്‍ ഒരു പുതിയ ഡൂഡില്‍ പ്രത്യക്ഷപ്പെടുക എന്നുവച്ചാല്‍ ചരിത്രം ഓര്‍മിക്കപ്പെടുകയാണെന്ന് സാരം.

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്ക് കുറുകെ സിബ്ബിടുകയും ക്ലിക്ക് ചെയ്യുമ്പോള്‍ ലോഗോ നടുവെ മുറിഞ്ഞ് സിബ്ബ് തുറക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ സിബ്ബിനെ പറ്റി ഓര്‍മ്മിക്കുന്നു, സിബ്ബിന്റെ ഉപജ്ഞാതാവായ സന്‍ഡ്‌ബാക്കിനെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നു.

Saturday, January 9, 2010

സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഓണ്‍ലൈന്‍

സാങ്കേതിക ലോകം ഏറെ മുന്നേറിയിരിക്കുന്നു, ഒപ്പം ഇന്റര്‍നെറ്റ് ലോകവും കുതിച്ചുയരുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ കൂ‍ടി സജീവമായതോടെ ജനജീവിത ചലനങ്ങള്‍ നെറ്റിന്റെ ഭാഗമായി തീര്‍ന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് അംഗങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും വെബ് പേജുകളില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങിയതോടെ ആര്‍ക്കും ആരുടെയും സ്വകാര്യ വിവരങ്ങള്‍ പോലും അറിയാമെന്ന അവസ്ഥയായി. ഇതോടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യതയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഒരോ വ്യക്തിക്കും അവകാശമുണ്ടെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് ഇതൊന്നും നിലനില്‍ക്കുന്നില്ലെന്നതാണ് വസ്തുത. നെറ്റ് ഉപയോഗിക്കുന്ന ഒരോ വ്യക്തികളും തങ്ങളുടെ സന്ദേശങ്ങള്‍ നെറ്റില്‍ കുറിച്ചുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് നെറ്റ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. വീട്, ജോലി സംബന്ധമായ വിവരങ്ങളൊക്കെ മറ്റു ചില കുറ്റകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നും സൂചന നല്‍കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വരവോടെയാണ് വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ സന്ദേശങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ കൊള്ളകള്‍ വരെ നടന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അവധി ദിനങ്ങളില്‍ വിനോദസഞ്ചാരത്തിന് പോകുന്നുവെന്ന സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നതിനോടൊപ്പം വിവരം ഓണ്‍ലൈന്‍ കള്ളന്മാരും കൈവശപ്പെടുത്തിയേക്കാം. സോഷ്യല്‍ മീഡിയകളില്‍ നിങ്ങളുടെ സുഹൃത്തുക്കളായി വരുന്നവരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ഓണ്‍ലൈന്‍ സുഹൃത്തുക്കളാണെന്ന് കരുതി വിലപ്പെട്ട വ്യക്തി വിവരങ്ങള്‍ കൈമാറുന്നത് സൂക്ഷിച്ച് വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അനാവശ്യമായി നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ, ഫോട്ടോ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും സൈബര്‍ ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തി വ്യക്തികള്‍ക്ക് മാനനഷ്ടം നേരിട്ടേക്കാം. എന്തായാലും, നെറ്റില്‍ വിലപ്പെട്ട വിവരങ്ങള്‍ കുറിച്ചുവെയ്ക്കുന്നത് ഏറെ ശ്രദ്ധിക്കണം. അനാവശ്യമായ സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.

Thursday, October 1, 2009

സമ്പന്നരില്‍ ഒന്നാമന്‍ ബില്‍ ഗേറ്റ്‌സ്‌

അമേരിക്കയിലെ 400 സമ്പന്നരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഒന്നാമത്. 5000 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ നാല് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. 'ഫോര്‍ബ്‌സ്' മാസിക പുറത്തിറക്കിയ പട്ടികയനുസരിച്ച് 400 സമ്പന്നര്‍ക്കുംകൂടി 30,000 കോടി ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിമൂലം മൂലധനത്തിലും ഭൂമികച്ചവട വിപണിയിലുമുണ്ടായ ചാഞ്ചാട്ടമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ കമ്പനിയായ ബെര്‍ക്ഷയര്‍ ഹാത്തവേയുടെ ചെയര്‍മാനും സി.ഇ.ഒ.യുമായ വാറല്‍ ബുഫെയാണ് സമ്പന്നരില്‍ രണ്ടാമന്‍. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം വന്നത് ഇദ്ദേഹത്തിനാണ്. 1000 കോടി ഡോളറിന്റെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. 4000 കോടി ഡോളറാണ് ബുഫെയുടെ ആസ്തി. 2700 കോടി ഡോളറിന്റെ ആസ്തിയുമായി ഒറാക്കിള്‍ കോര്‍പ്പറേഷന്റെ സ്ഥാപകന്‍ ലോറന്‍സ് എലിസണാണ് മൂന്നാം സ്ഥാനത്ത്.

സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിന്റലിന്റെ ഉടമ ഭരത് ദേശായി, ഗൂഗിള്‍ സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ കവിതാര്‍ക് റാം ശ്രീറാം, സോഫ്റ്റ്‌വെയര്‍ വ്യവസായി റൊമേഷ് വാധ്വാനി, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ വിനോദ് ഖോസ്‌ല എന്നിവരാണ് പട്ടികയിലിടം നേടിയ ഇന്ത്യക്കാര്‍. 165 കോടി ഡോളര്‍ ആസ്തിയുള്ള ഭരത് ദേശായി 212-ാം സ്ഥാനത്തും 145 കോടി ഡോളറിന്റെ ആസ്തിയുള്ള ശ്രീറാം 272-ാം സ്ഥാനത്തും 140 കോടി ഡോളറിന്റെ ആസ്തിയുമായി വാധ്വാനി 277-ാം സ്ഥാനത്തും 110 ഡോളറിന്റെ സ്വത്തുമായി ഖോസ്‌ല 347-ാം സ്ഥാനത്തുമാണുള്ളത്.

പട്ടികയിലെ 400 പേരില്‍ 314 പേരും കഴിഞ്ഞവര്‍ഷം സാമ്പത്തിക നഷ്ടമുണ്ടായവരാണ്.