Wednesday, August 29, 2012

ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ശാസ്ത്രജ്ഞര്‍

ലോകത്തിലെ ഏറ്റവും ചെറുതെന്ന് അവകാശപ്പെടാവുന്ന കമ്പ്യൂട്ടറുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു മനുഷ്യന്റെ കണ്മിഴിക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാവുന്ന വലിപ്പം മാത്രമാണ് ഇതിനുള്ളത്. ഒരു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള കുഞ്ഞു കമ്പ്യൂട്ടര് ചതുരാകൃതിയിലുള്ളതാണ്. ഇതു കണ്ണില്‍ ഫിറ്റു ചെയ്ത് ഗ്ലൂക്കോമക്ക് ചികിത്സിക്കാനാവുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മിഷിഗന്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ കുഞ്ഞന്‍ പ്രഷര്‍ മോണിറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.നേത്രങ്ങളെ ബാധിക്കുന്ന ഗ്ലോക്കോമ എന്ന അസുഖം ചികിത്സിച്ച് മാറ്റാനാവും ഇത് പ്രധാനമായും ഉപയോഗിക്കുക. അള്‍ട്രാ ലോ പ്രഷര്‍ മൈക്രോപ്രൊസസ്സര്‍, പ്രഷര്‍ സെന്‍സര്‍, മെമ്മറി, ബാറ്ററി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കമ്പ്യൂട്ടര്‍ സംവിധാനം. വിവരങ്ങള്‍ കൈമാറുന്നതിനായി ആന്റിന ഉള്‍പ്പെടുന്ന വയര്‍ലസ് റേഡിയോയും സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെല്ലും ഇതിന്റെ ഭാഗമായുണ്ട്.

എന്നാല്‍ ഈ റേഡിയോ ട്യൂണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ല. ഇതിലെ റേഡിയോയില്‍ ഫ്രീക്വന്‍സികള്‍ തെരഞ്ഞെടുക്കാന്‍ ട്യൂണ്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും വയര്‍ലെസ് കമ്പ്യൂട്ടറുകളുടെ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാനാകുമെന്നും ഇതിന്‍റെ നിര്‍മ്മാതാക്കളായ പ്രൊഫസര്‍മാരായ ഡെന്നീസ് സില്‍‌വസ്റ്റര്‍, ഡേവിഡ് ബ്ലാവ്, ഡേവിഡ് വെന്‍റ്സോള്‍ഫ് എന്നിവര്‍ പറഞ്ഞു.

ഇതുപയോഗിച്ച് ഡാറ്റ മറ്റൊരു ഉപകരണത്തിലേക്ക് മാറ്റാനും കഴിയും. കമ്പ്യൂട്ടര്‍ വ്യവസായത്തിന്‍റെ ഭാവിയെത്തന്നെ ഇത് മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് വിപണിയില്‍ ലഭ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
കണ്ണില്‍ ഘടിപ്പിക്കാനാവുന്ന മോണിറ്ററില്‍ക്കൂടി ഗ്ലൂക്കോമ രോഗത്തിന്‍റെ പുരോഗതിയും അന്ധതയും കണ്ടുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി ചാര്‍ജു ചെയ്യണമെങ്കില്‍ അകത്തെ വെളിച്ചത്തില്‍ പത്തു മണിക്കൂറും സൂര്യപ്രകാശത്തില്‍ ഒന്നര മണിക്കൂറും വെച്ചാല്‍ മതിയാകും. 5.5 നാനോവാട്ട് ഊര്‍ജം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒരാഴ്ച്ചവരെയുള്ള വിവരങ്ങള്‍ ശേഖരിച്ചു വെക്കാനും ഇതിനാകും. ഇത്തരത്തിലുള്ള മെഷീനുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നും ഇവര്‍ പറഞ്ഞു.

മലിനീകരണം തടയാനും ഒരു വസ്തുവിന്റെ പ്രവര്‍ത്തന ശേഷി കൂട്ടനുള്ള പര്യവേഷണങ്ങള്‍ക്കുമൊക്കെയായി ഇവ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതിസൂക്ഷ്മമായ വസ്തുക്കളെക്കുറിച്ച് പഠിക്കാനും ഇതുപകരിക്കും. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ തന്നെ വന്‍ കുതിച്ചു ചാട്ടത്തിന് വഴിമരുന്നിടുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ ഇവ വിപണിയിലെത്താന്‍ വര്‍ഷങ്ങളെടുക്കും.

Tuesday, April 24, 2012

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ സിബ്ബ് അഴിച്ചു!

നിത്യജീവിതത്തില്‍ മറ്റൊന്നും ആലോചിക്കാതെ നമ്മള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ് സിബ്ബ് അഴിക്കലും സിബ്ബ് അടയ്ക്കലും. ബാഗാവട്ടെ, പാന്റ്സാകട്ടെ, ജെര്‍ക്കിനാവട്ടെ, സിബ്ബ് ഇല്ലെങ്കില്‍ നിലനില്‍‌പ്പില്ല എന്ന കാര്യം നമ്മളാരും സിബ്ബ് അഴിക്കുകയും ഇടുകയും ചെയ്യുമ്പോള്‍ ചിന്തിക്കാറില്ല എന്നതാണ് സത്യം. സ്വീഡിഷ് - അമേരിക്കന്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ഗിഡിയന്‍ സന്‍‌ഡ്‌ബാക്കാണ് ഈ സിബ്ബെന്ന സൂത്രം കണ്ടുപിടിച്ചത്. സന്‍‌ഡ്‌ബാക്കിന്റെ 132-മത്തെ ജന്മദിനത്തില്‍ തങ്ങളുടെ ലോഗോയെ സിബ്ബ് അഴിച്ചുകൊണ്ട് രണ്ടാക്കി ഗൂഗിള്‍ ഓര്‍മിച്ച സംഗതിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്.

സ്വീഡനിലാണ് സന്‍‌ഡ്‌ബാക്ക് ജനിച്ചത് (1880). കുടുംബം ജര്‍മനിയിലേക്ക് കുടിയേറിയതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം ജര്‍മനിയിലാണ് കക്ഷി പൂര്‍ത്തിയാക്കിയത്. പോളിടെക്നിക്ക് വിദ്യാഭ്യാസവുമായി അമേരിക്കയിലേക്ക് കുടിയേറിയ സന്‍ഡ്‌ബാക്കിന് യൂണിവേഴ്സല്‍ ഫാസ്റ്റനര്‍ കമ്പനിയില്‍ ജോലി കിട്ടി. 1914-ലാണ് സന്‍‌ഡ്‌ബാക്ക് സിബ്ബിന്റെ ആദിമരൂപമായ ‘ഹുക്ക്‌ലസ്’ വികസിപ്പിച്ചെടുത്തത്. 1917-ല്‍ ഇതിന് പേറ്റന്റ് ലഭിക്കുകയും ചെയ്തു. ‘സപ്പരബിള്‍ ഫാസ്റ്റ്‌നര്‍’ എന്ന പേരിലാണ് സിബ്ബിന്റെ ആദിമരൂപം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സന്‍‌ഡ്‌ബാക്കാണ് സിബ്ബ് കണ്ടുപിടിച്ചതെങ്കിലും സംഗതിക്ക് ‘സിബ്ബ്’ (സിപ്പര്‍) എന്ന് പേരിട്ടത്. ബി‌എഫ് ഗുഡ്‌റിച്ച് എന്ന ബൂട്ട് നിര്‍മ്മാതാവാണ്. ആദ്യകാലഘട്ടങ്ങളില്‍ ബൂട്ടിനും പുകയിലപ്പൊതികള്‍ക്കും മാത്രമാണ് സിബ്ബ് ഇട്ടുകൊടുത്തിരുന്നത്. പതിയെപ്പതിയെ ഫാഷന്‍ ഇന്‍‌ഡസ്ട്രിയെ സിബ്ബ് കീഴടക്കിയത് തുടര്‍ന്നുള്ള ചരിത്രം. രണ്ടാം ലോകമഹായുദ്ധ കാലം എത്തിയതോടെ സകല സാധനങ്ങള്‍ക്കും സിബ്ബ് ഇട്ടുകൊടുക്കാന്‍ തുടങ്ങി.

ബാഗും ജീന്‍‌സും എന്നുവേണ്ട സകലതിനും സിബ്ബ് ഇട്ടുകൊടുക്കാന്‍ ഉപകരിക്കുന്ന ഒരു മെഷീനും കണ്ടുപിടിച്ച സന്‍‌ഡ്ബാക്ക് എഴുപത്തിനാലാമത്തെ വയസില്‍ 1954-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു. സന്‍‌ഡ്‌ബാക്കിന്റെ ജന്മദിനമാണ് ഏപ്രില്‍ 24.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ അവരുടെ ഹോം‌പേജ് ചരിത്രപരമായ സംഭവങ്ങളെയും വ്യക്തികളെയും ഓര്‍മിക്കുന്നതിനായി ഏറെക്കാലമായി ഉപയോഗിച്ച് വരുന്നുണ്ട്. മഹാത്മാഗാന്ധിയും ചാര്‍ളി ചാപ്ലിനും അകിരോ കുറസോവയും ഇങ്ങനെ ഗൂഗിള്‍ ഡൂഡിലില്‍ ഓര്‍മിക്കപ്പെടുകയുണ്ടായി. ഗൂഗിളില്‍ ഒരു പുതിയ ഡൂഡില്‍ പ്രത്യക്ഷപ്പെടുക എന്നുവച്ചാല്‍ ചരിത്രം ഓര്‍മിക്കപ്പെടുകയാണെന്ന് സാരം.

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്ക് കുറുകെ സിബ്ബിടുകയും ക്ലിക്ക് ചെയ്യുമ്പോള്‍ ലോഗോ നടുവെ മുറിഞ്ഞ് സിബ്ബ് തുറക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ സിബ്ബിനെ പറ്റി ഓര്‍മ്മിക്കുന്നു, സിബ്ബിന്റെ ഉപജ്ഞാതാവായ സന്‍ഡ്‌ബാക്കിനെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നു.