Saturday, September 5, 2009

എ എച്ച് 1 എന്‍ 1 സംശയങ്ങളും മറുപടിയും

1. എ എച്ച് 1 എന്‍ 1 പനി (പന്നിപ്പനി ) എന്നാല്‍ എന്താണ് ?
തുടക്കത്തില്‍ പന്നിപ്പനി എന്നറിയപ്പെട്ടിരുന്ന രോഗത്തെ ഇന്നു എ എച്ച് 1 എന്‍ 1 പനി എന്നാണ് പറയുന്നത്. ഏപ്രില്‍ 2009 ല്‍ ആദ്യാമായി മെക്സിക്കോയിലാണ് ഈ രോഗം ഉണ്ടായത്. ജനിതക മാറ്റം സംഭവിച്ച ഇന്‍ഫ്ലുവന്‍സ ടൈപ്പ് എ വൈറസ് ആണ് എ എച്ച് 1 എന്‍ 1 പനിക്ക് കാരണം
2. എങ്ങിനെയാണ് രോഗം മനുഷ്യര്‍ക്കിടയില്‍ പകരുന്നത്?

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുപ്പുമ്പോഴും വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഒരു മീറ്ററിനുള്ളില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് പകരുകയും ചെയ്യുന്നു.വൈറസിനാല്‍ മലിനമാക്കപ്പെട്ടട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടായാലും രോഗപ്പകര്‍ച്ച ഉണ്ടാകുന്നു.

3. രോഗിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസിന് എത്ര സമയം രോഗം പകര്‍ത്താനുള്ള കഴിവുണ്ട് ?
ഏകദേശം രണ്ടു മണിക്കൂര്‍ സമയത്തേക്ക് ഈ വൈറസ്സുകള്‍ക്ക് രോഗം പകര്‍ത്താനുള്ള കഴിവുണ്ട്

4. രോഗി എപ്പോഴാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നത് ?
രേഗലക്ഷണം പ്രകടമാകുന്നതിന് ഒരു ദിവസം മുന്‍പ് തുടങ്ങി ഏഴി ദിവസം വരെ ആണ് രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകരുന്നത്.

5. മനുഷ്യരില്‍ എ എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
സാധാരണ പകര്‍ച്ചപ്പനിയുടേയും എ എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഒന്നു തന്നെയാണ്. പനി ചുമ ശ്വാസം മുട്ടല്‍ ശരീരവേദന ജലദോഷം , വിറയലും , ക്ഷീണവും ആണ് രോഗലക്ഷണങ്ങള്‍ . ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ എ എച്ച് 1 എന്‍ 1 പനിയുള്ള രോഗിയുമാി അടുത്ത് ഇടപഴകുകയോ രോഗബാധിത രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ, രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്ത് വസിക്കുകയാണെങ്കിലോ എ എച്ച് 1 എച്ച് 1 പനിയാണോ എന്ന് സംശയിക്കേണ്ടതാണ്.

6. രോഗ നിര്‍ണ്ണയം നടത്തുന്നതെങ്ങിനെയാണ്?

തൊണ്ടയില്‍ നിന്നു മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങളാണ് പരിശോധനയക്ക് വിധേയമാക്കി രോഗനിര്‍ണ്ണയം നടത്തുന്നത്. ഇതിനുള്ള പ്രത്യേക സംവിധാനം ഡെല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസില്‍ ലഭ്യമാണ്, രോഗികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ ശീത ശൃഖലയില്‍ വിമാന മാര്‍ഗ്ഗം മേല്‍പ്പറഞ്ഞ ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്.

7. ഈ രോഗത്തിന് ചികിത്സ ഉണ്ടോ?
ഈ രോഗത്തിന് ഫലപ്രദമായ ആന്റീവൈറല്‍ മരുന്നുകള്‍ ലഭ്യാമാണ്.

8.മനുഷ്യരില്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യാമാണോ?

മനുഷ്യരില്‍ ഈ രോഗത്തെപരത്തുന്നത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന ജനിതക മാറ്റം സംഭവിച്ച ഒരു പുതിയതരം ഇന്‍ഫ്ലുവന്‍സ എ എച്ച് 1 എന്‍ 1 വൈറസ്സാണ്. മനുഷ്യരില്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഒരു വാക്സിന്‍ ഇന്ന് ലഭ്യമല്ല

ശ്രദ്ധിക്കുക

-> ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക
-> എ എച്ച്1 എന്‍‍ 1 പനിയുള്ള രോഗികള്‍ മറ്റുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുക
-> രോഗികള്‍ കഴിയുന്നിടത്തോളം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുക , ജോലി സ്ഥലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക
-> ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ ഏഴു ദിവസമോ അല്ലെങ്കില്‍ രോഗലക്ഷണം പൂര്‍ണ്ണമായി മാറി ഒരു ദിവസം കൂടിയോ എന്തിനാണ് ദൈര്‍ഘ്യം കൂടുതല്‍ , അത്രയോ ദിവസം വീട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ ഉപദേശിക്കുക
-> പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. ഡോക്ടറുടെ ഉപദേശം തേടുക
-> ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറുമായി ബന്ധപ്പെടുക.
-> രോഗി മറ്റുള്ളവരുമായി അടുത്താണ് (1 മീറ്ററിനുള്ളില്‍ ) നില്‍ക്കുന്നതെങ്കില്‍ വായു മൂക്കും മൂടുന്ന മാസ്ക് ധരിക്കുകയോ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുകയോ ചെയ്യുക.
-> രോഗി പുറത്തേക്ക് പോകുമ്പോള്‍ അന്തരീക്ഷത്തില്‍ വൈറസ് വ്യാപിക്കുന്നത് തടയാനായി "മാസ്ക്" ധരിക്കുക, മാസ്ക് ലഭ്യമല്ലെങ്കില്‍ തുമ്മുമ്പോഴും ചുമയക്കുമ്പോഴും തൂവാലകൊണ്ട് വായ് മൂടുക.
-> തൂവാല കൈവശമില്ലെങ്കില്‍ കൈകള്‍ കൊണ്ട് മൂക്ക് വൃത്തിയാക്കരുത്. പകരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അറ്റം ഇതിനായി ഉപയോഗിക്കുക.
-> രോഗിയും രോഗിയുടെ കുടുബാംഗങ്ങളും രോഗം പകരാതിരിക്കാന്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക
-> രോഗികള്‍ നന്നായി വിശ്രമമെടുക്കുക , വിഷമഘട്ടങ്ങളെ ആരോഗ്യകരമായി നേരിടുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക
-> കുടുംബാംഗങ്ങള്‍ രോഗിക്ക് ലക്ഷണം കണ്ട് തുടങ്ങുന്ന അന്നു മുതല്‍ വീട്ടില്‍ തന്നെ കഴിച്ച് കൂട്ടുക; മറ്റുള്ളവരുമായി ഇടപഴകുന്നതും അവരെ സന്ദര്‍ശിക്കുന്നതുംകഴിയുന്നതും കുറയ്ക്കുക.
-> രോഗിയെ പരിചരിക്കുന്നതിനായി കുടുബത്തിലെ ഒരാളെ ചുമതലപ്പെടുത്തി രോഗി മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കുക
-> രോഗം സംശയിക്കുന്ന ആള്‍ ജനങ്ങള്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.

No comments: